ഓസ്റ്റിന്‍ : ടെക്‌സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യതരംഗവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ ടെക്‌സസ് മുതല്‍ ഗള്‍ഫ് തീരം വരെ അതിശൈത്യം ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിനോടും (TDEM) നാഷണല്‍ ഗാര്‍ഡിനോടും അതീവ ജാഗ്രത പാലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് താഴുമെന്നും കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഗതാഗതത്തെയും വൈദ്യുതി വിതരണത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ സജ്ജരായിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള വാമിങ് സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

അതിശൈത്യത്തിനിടയിലും സംസ്ഥാനത്തെ വൈദ്യുതി വിതരണം സുഗമമായിരിക്കുമെന്ന് ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ ഓഫ് ടെക്‌സസ് (ERCOT) ഉറപ്പുനല്‍കി. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പവര്‍ ഗ്രിഡുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ടെന്നും വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നിരുന്നാലും, മഞ്ഞുവീഴ്ച മൂലം പ്രാദേശികമായി വൈദ്യുതി ബന്ധം തകരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ റോഡ് സാഹചര്യങ്ങള്‍ അറിയാന്‍ ‘DriveTexas.org’ എന്ന വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
