നെടുമ്പാശ്ശേരി: തിരുനായത്തോട് ശിവനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. എഴുന്നള്ളിപ്പിനായി എത്തിച്ച ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ പരിക്കേറ്റ എട്ടോളം പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അഞ്ച് ആനകൾ പങ്കെടുത്ത എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിലേക്ക് എത്തിയപ്പോഴായിരുന്നു അപകടം. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റത്. ഇതിൽ എറണാകുളം സ്വദേശിയായ വിഡിയോഗ്രാഫർ സൂരജിനാണ് ഗുരുതരമായി പരുക്കേറ്റത്. ആനയുടെ ചവിട്ടേറ്റ സൂരജിനെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആന ഇടഞ്ഞതോടെ ഉത്സവത്തിനെത്തിയ ഭക്തർ പരിഭ്രാന്തരായി ചിതറിയോടി. ഈ തിക്കിലും തിരക്കിലും പെട്ടാണ് മറ്റ് പലർക്കും പരിക്കേറ്റത്. ഏകദേശം ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് തളച്ചു. പരിക്കേറ്റ മറ്റുള്ളവർക്ക് സമീപത്തെ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി.
