ഓട്ടവ: കാനഡയുടെ കുടിയേറ്റ പദ്ധതികളിൽ തീർപ്പാക്കാനുള്ളത് പത്ത് ലക്ഷത്തിലധികം അപേക്ഷകൾ. 2025 ഒക്ടോബർ 31 വരെയുളള IRCC കണക്കുകൾ പ്രകാരമാണിത്. സാധാരണ നടപടിക്രമങ്ങൾ വേണ്ട അപേക്ഷകൾ കൂടി കണക്കിലെടുത്താൽ ആകെ എണ്ണം 20 ലക്ഷം കടക്കും. 2026-ൽ 4,08,000 സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് തീരുമാനിച്ചത്. ഇത് കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതാണ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ വൈകുന്നതിന് കാരണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (CILA) ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളുടെ എണ്ണം കുത്തനെ കൂടിയിട്ടും ജീവനക്കാരുടെ എണ്ണം കുറച്ചത് പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ AI പോലെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ അവകാശവാദം. ഇതൊന്നും പ്രശ്‌മല്ലെന്നാണ് സർക്കാർ പറയുന്നുണ്ടെങ്കിലും സംവിധാനങ്ങളും നടപടികളും ഫലപ്രദമാകുന്നില്ലെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. കൂടാതെ, വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റുകളിൽ വരുത്തിയ വെട്ടിക്കുറയ്ക്കലുകളും കാനഡയിലെ സർവ്വകലാശാലകളെ രൂക്ഷമായ രീതിയിൽ ബാധിച്ചിട്ടുണ്ട്.

കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് കാനഡയുടെ നിർമ്മാണ മേഖലയെയും തൊഴിൽ വിപണിയെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും വ്യക്തമായി മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ സുസ്ഥിരമായ നയം ഇക്കാര്യത്തിൽ വേണമെന്നാണ് വിദഗ്‌ധരുടെ ആവശ്യം. നിലവിലെ അനിശ്ചിതത്വം തുടരുന്നത് വിദേശ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റുന്നതിന് സഹായിക്കുമെന്നും വിലയിരുത്തലുകളുമുണ്ട്.
