മൺട്രിയോൾ: നീണ്ട ചർച്ചകൾക്കൊടുവിൽ കെബെക്കിലെ ഭവന നിർമ്മാണ മേഖലയ്ക്ക് വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. പുതിയ വീടുകളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനായി ഏകദേശം 100 കോടി ഡോളർ ഫെഡറൽ ഫണ്ട് കെബെക്കിന് കൈമാറും. 2024-ൽ ട്രൂഡോ സർക്കാർ രൂപീകരിച്ച 600 കോടി ഡോളറിന്റെ ‘കാനഡ ഹൗസിങ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ’ നിന്നാണ് ഈ തുക അനുവദിക്കുന്നത്.
പുതിയ ഭവന പദ്ധതികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവിശ്യാ സർക്കാരിനും മുനിസിപ്പാലിറ്റികൾക്കും ഈ തുക ഉപയോഗിക്കാം. കുടിവെള്ള വിതരണം, മലിനജല സംസ്കരണം, മഴവെള്ള സംഭരണ സംവിധാനങ്ങൾ എന്നിവ നവീകരിക്കാനും വികസിപ്പിക്കാനുമാണ് ഫണ്ട് പ്രധാനമായും ചിലവഴിക്കുക. ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബുധനാഴ്ച ഇരു സർക്കാരുകളും കരാറിലെത്തിയത്.

കെബെക്കിന്റെ മുൻഗണനകളെയും നിയമപരമായ അധികാര പരിധിയെയും പൂർണ്ണമായും മാനിച്ചുകൊണ്ടാണ് ഈ കരാർ രൂപീകരിച്ചിട്ടുള്ളതെന്ന് ഹൗസിങ് മന്ത്രി കരോളിൻ പ്രൗൾക്സ് പറഞ്ഞു. ഭവന നിർമ്മാണത്തിലെ തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് യഥാർത്ഥ പരിഹാരങ്ങൾ എത്തിക്കാൻ ഫെഡറൽ സർക്കാരും പ്രവിശ്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ മന്ത്രി ഗ്രെഗർ റോബർട്ട്സണും വ്യക്തമാക്കി. സ്വന്തം മുൻഗണനകൾക്കും പ്രാദേശിക ആവശ്യങ്ങൾക്കും അനുസരിച്ച് ഈ തുക വിനിയോഗിക്കാൻ കെബെക്കിന് അധികാരമുണ്ടാകും.
