ചേർത്തല: കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും കൈകോർക്കുന്നു. ആലപ്പുഴയിൽ ചേർന്ന എസ്.എൻ.ഡി.പി നേതൃയോഗം എൻ.എസ്.എസുമായുള്ള ഐക്യപ്രമേയം ഐകകണ്ഠ്യേന പാസാക്കി. ഐക്യശ്രമങ്ങളുടെ ആദ്യവട്ട ചർച്ചകൾക്കായി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. എസ്.എൻ.ഡി.പി പ്രതിനിധികളെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. തുഷാർ വെള്ളാപ്പള്ളിയെ ഒരു രാഷ്ട്രീയക്കാരനായല്ല, മറിച്ച് മകനെയോ സഹോദരനെയോ പോലെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കത്തെ രാഷ്ട്രീയക്കാർ ഭയപ്പെടേണ്ടതില്ലെന്നും, എന്നാൽ സമുദായ നേതാക്കളെ അവഹേളിക്കുന്ന നിലപാട് തിരുത്തണമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി. ഇരുസമുദായങ്ങളുടെയും ഐക്യത്തിൽ ആശങ്ക രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവും. എന്നാൽ രാഷ്ട്രീയത്തിൽ എൻ എസ്.എസിന് സമദൂരം മാത്രമാണ് നിലപാട്.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കുറ്റവാളികളെ ശിക്ഷിക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ, വരും ദിവസങ്ങളിൽ തുഷാർ വെള്ളാപ്പള്ളി പെരുന്നയിലെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ഐക്യനീക്കം ഔദ്യോഗിക നടപടികളിലേക്ക് കടക്കും. ഒരു പാർലമെൻ്ററി മോഹവും എൻ.എസ്. എസിനില്ലെന്നും ശബരിമല സ്വർണ കൊള്ള കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സുകുമാരൻ നായർ പറഞ്ഞു.
