ഓട്ടവ : ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള ജനപ്രിയ മരുന്നുകളായ ഒസെംപിക്, മൗഞ്ചാരോ എന്നിവയുടെ വ്യാജ പതിപ്പുകൾ രാജ്യത്തുടനീളം വിൽക്കുന്നതായി മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. ഓസെംപിക്, റൈബെൽസസ്, വെഗോവി എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുന്നുകളുൾപ്പെടെ സെമാഗ്ലൂടൈഡ് പോലുള്ള ജിഎൽപി-1 ഉൽപ്പന്നങ്ങളാണ് സ്റ്റോറുകളിലും ഓൺലൈനിലും വിൽക്കുന്നത്.

ഹെൽത്ത് കാനഡയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ചില വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പരസ്യങ്ങൾ പ്രചരിക്കുന്നത്. ഫെഡറൽ ഏജൻസി സുരക്ഷാ-ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലാത്ത ഈ വ്യാജ മരുന്നുകൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം ഇത്തരം മരുന്നുകൾ വാങ്ങണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഉൽപ്പന്നങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഏജൻസി കൂട്ടിച്ചേർത്തു. വ്യാജ മരുന്നുകളെ തിരിച്ചറിയാൻ പാക്കറ്റിലെ ലേബലിലുള്ള എട്ട് അക്ക ഡ്രഗ് ഐഡൻ്റിഫിക്കേഷൻ നമ്പർ (DIN) ഉപഭോക്താക്കൾ പരിശോധിക്കണമെന്നും ഹെൽത്ത് കാനഡ പറയുന്നു.

അതേസമയം ശരീരഭാരം കുറയ്ക്കുന്നതിനുള്ള ജനപ്രിയ മരുന്നായ ഒസെംപികിനെ കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. വേഗത്തിൽ കൊഴുപ്പ് നഷ്ടവും ചര്‍മ്മം തൂങ്ങലും മൂലം ‘ഒസെംപിക് മൗത്ത്’, ‘ഒസെംപിക് ഫേസ്’, ‘ഒസെംപിക് ഫൂട്ട്’, ‘ഒസെംപിക് ബട്ട്’ തുടങ്ങിയ മരുന്നുകള്‍ ശരീരത്തിലുണ്ടാക്കുന്നത് അപ്രതീക്ഷിത പാര്‍ശ്വഫലങ്ങളാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒസെംപികിന്‍റെ ഉപയോഗം ഉപഭോക്താക്കളുടെയും മുഖത്തിന്‍റെ ആകൃതി തന്നെ മാറ്റും. കൂടാതെ വായയ്ക്ക് ചുറ്റുമുള്ള ചര്‍മ്മം തൂങ്ങല്‍, ചുണ്ടുകളുടെ കോണുകളില്‍ മടക്കുകള്‍, ചുളിവുകള്‍ എന്നിവ പ്രത്യക്ഷപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു.
