ഓട്ടവ : അമിത അളവിൽ മീഥൈൽ യൂജെനോൾ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ ട്രൂലി ടാലോ ഓൾ-ഇൻ-1 ഫേസ്-ബോഡി-ഹെയർ വിപ്പ്ഡ് ടാലോ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 118 മില്ലി കണ്ടെയ്നറുകളിലായി വിട്ട ഈ ഉൽപ്പന്നം യുപിസി നമ്പർ 6 28942 95242 5 വഴി തിരിച്ചറിയാൻ സാധിക്കും. 2025 ജനുവരി മുതൽ ഈ വർഷം ജനുവരി വരെ കാനഡയിൽ 202 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്.

കോസ്മെറ്റിക് ചേരുവകളുടെ ലിസ്റ്റിൽ അളവിൽ കൂടുതൽ മീഥൈൽ യൂജെനോൾ അടങ്ങിയിട്ടുണ്ടെന്നും ഇത് കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാമെന്നും ഫെഡറൽ ഏജൻസി പറയുന്നു. കാനഡയിൽ മീഥൈൽ യൂജെനോൾ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഹെൽത്ത് കാനഡ അറിയിച്ചു. അതേസമയം ഫേസ്-ബോഡി-ഹെയർ വിപ്പ്ഡ് ടാലോയുമായി ബന്ധപ്പെട്ട് ജനുവരി 11 വരെ കാനഡയിൽ കമ്പനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏജൻസി കൂട്ടിച്ചേർത്തു. ഉപയോക്താക്കൾ തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തി ഉപേക്ഷിക്കണം, ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും റീഫണ്ടിനുമായി ട്രൂലി ടാലോ, ഇൻകോർപ്പറേറ്റഡുമായി info@trulytallow.com എന്ന ഇമെയിൽ വഴിയോ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടണം.
