ലണ്ടൻ: അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത സഖ്യകക്ഷികളിലെ സൈനികർ മുൻനിരയിൽ നിന്ന് പോരാടിയില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഹാരി രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും. അഫ്ഗാനിസ്ഥാനിലേക്ക് സഖ്യകക്ഷികൾ ചില സൈനികരെ അയച്ചിട്ടുണ്ടാകാമെന്നും പക്ഷേ അവർ മുൻനിരയിൽ നിന്ന് മാറി സുരക്ഷിതമായ ദൂരത്താണ് നിന്നതെന്നായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നാൽ നാറ്റോ സഖ്യം കൂടെയുണ്ടാകുമെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദമായത്. രണ്ടുതവണ അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള ഹാരി രാജകുമാരൻ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചത്. താൻ അവിടെ സേവനമനുഷ്ഠിച്ചതാണെന്നും അവിടെ ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചെന്നും അവരിൽ ചിലരെ നഷ്ടപ്പെടുകയും ചെയ്തെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

9/11 ആക്രമണത്തിന് ശേഷം അമേരിക്കയെ സഹായിക്കാൻ സഖ്യകക്ഷികളെല്ലാം ഒപ്പം നിന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. സൈനികരുടെ ത്യാഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് സത്യസന്ധമായും ബഹുമാനത്തോടെയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരവും ഭയാനകവുമാണെന്നും ട്രംപ് മാപ്പ് പറയണമെന്നും കീർ സ്റ്റാമർ പറഞ്ഞു. അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ സൈനികർ കൊല്ലപ്പെട്ടത് ബ്രിട്ടന്റേതാണ് (457 പേർ). ആകെ 3,500-ലധികം സഖ്യകക്ഷി സൈനികർക്ക് ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
