ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ എട്ടുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വെസ്റ്റ് ബാന്ദുങ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശ നഷ്ടം സംഭവിച്ചു. നിലവിൽ 82 പേരെ കാണാതായതായും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി അറിയിച്ചു.
കഴിഞ്ഞ വർഷം അവസാനം സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഏകദേശം 1200 പേർ കൊല്ലപ്പെട്ടിരുന്നു. വനനശീകരണമാണ് ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. 2024-ൽ മാത്രം ലക്ഷക്കണക്കിന് ഹെക്ടർ വനഭൂമിയാണ് ഇന്തോനേഷ്യയിൽ നഷ്ടമായത്.
ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ഇരുപതിലധികം കമ്പനികളുടെ ലൈസൻസ് ഇന്തോനേഷ്യൻ സർക്കാർ റദ്ദാക്കിയിരുന്നു. വനം, ഖനന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. നിലവിൽ ദുരന്തബാധിത പ്രദേശത്തെ മണ്ണ് ഇപ്പോഴും അസ്ഥിരമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡ്രോണുകളും വാട്ടർ പമ്പുകളും ഉപയോഗിച്ചാണ് മണ്ണിടിച്ചിലുണ്ടായ വീടുകൾക്കിടയിൽ പരിശോധന നടത്തുന്നത്.
