ടൊറൻ്റോ : തിങ്കളാഴ്ച വോണിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചതായി യോർക്ക് റീജനൽ പൊലീസ് അറിയിച്ചു. വെസ്റ്റൺ റോഡിലുള്ള കൊളോസസ് ഡ്രൈവിലെ ഹൈവേ 7 നും ഹൈവേ 400 നും സമീപമുള്ള പ്ലാസയിൽ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെടിവപ്പ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ പ്ലാസയുടെ പാർക്കിങ് ഏരിയയിൽ നിരവധി തവണ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് നിന്നും വെടിവെപ്പിന് ശേഷം പ്രതികൾ ഒരു കറുത്ത എസ്‌യുവി-യിൽ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ വെളുപ്പെടുത്തി. സംഭവം നടന്ന ഒരു മണിക്കൂറിനുള്ളിൽ വുഡ്ബ്രിഡ്ജ്- ക്ലിപ്പിങ് അവന്യൂസിനു സമീപം ഒരു എസ്‌യുവി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചു. വെടിവെപ്പിൽ ഉൾപ്പെട്ട എസ്‌യുവി-യാണ് ഇതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം വെടിവെപ്പ് കൊല്ലപ്പെട്ടയാളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
