ഓട്ടവ : അടുത്ത 50 വർഷത്തിനുള്ളിൽ കാനഡയിലെ ജനസംഖ്യ 76 ദശലക്ഷമായി ഉയരുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്ക് കഴിഞ്ഞ വർഷം ഫെഡറൽ ഏജൻസി പ്രവചിച്ച സംഖ്യയേക്കാൾ കുറവാണ്. 2025 ജൂലൈ 1 ലെ കണക്കനുസരിച്ച്, കാനഡയിലെ ജനസംഖ്യ 41.7 ദശലക്ഷമാണ്.

അടുത്ത അമ്പത് വർഷത്തിനുള്ളിൽ ഈ സംഖ്യ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വളർച്ചാ നിരക്കാണെങ്കിൽ ഈ കാലയളവിൽ കാനഡയിലെ ജനസംഖ്യ 2075 ആകുമ്പോഴേക്കും 44 ദശലക്ഷമായി ഉയരും. ഇടത്തരം വളർച്ചാ സാഹചര്യത്തിൽ അത് 57.4 ദശലക്ഷമായി ഉയരുമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. അതേസമയം ഉയർന്ന വളർച്ചാ സാഹചര്യത്തിൽ കാനഡയുടെ ജനസംഖ്യ 75.8 ദശലക്ഷമാകുമെന്നും ഫെഡറൽ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കുകളും താൽക്കാലിക താമസ കുടിയേറ്റനയങ്ങളിലെ സമീപകാല മാറ്റങ്ങളും ജനസംഖ്യാ പ്രവചനത്തെ മാറ്റിമറിച്ചേക്കാമെന്നും ഏജൻസി വ്യക്തമാക്കി.

കുറഞ്ഞത് അടുത്ത 25 വർഷത്തേക്ക്, ഒൻ്റാരിയോയും കെബെക്കും കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യകളായി തുടരും. അതേസമയം ആൽബർട്ടയുടെ ജനസംഖ്യ ബ്രിട്ടിഷ് കൊളംബിയയേക്കാൾ വർധിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.
