Saturday, January 31, 2026

കൊടും ശൈത്യം: അമേരിക്കയില്‍ മരണം 30 കടന്നു

വാഷിങ്ടണ്‍: അതിശക്തമായ ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയിലുടനീളം ജനജീവിതം സ്തംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഇതിനോടകം 30-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 40 സംസ്ഥാനങ്ങളിലായി ഏകദേശം 23.5 കോടി ജനങ്ങളെ ഈ പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചു. സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാല്‍ ന്യൂയോര്‍ക്കും വാഷിങ്ടണ്‍ ഡിസിയും ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ വീശിയടിച്ച ഫേണ്‍ കൊടുങ്കാറ്റ് റോഡ്, റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ന്യൂ മെക്‌സിക്കോ മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രധാന ഹൈവേകളില്‍ മഞ്ഞ് അടിഞ്ഞുകൂടി ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും ഒരു അടിക്കു മുകളില്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളില്‍ ഐസ് പാളികള്‍ രൂപപ്പെട്ടതോടെ നൂറുകണക്കിന് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ വേഗപരിധി പാലിക്കണമെന്നും ന്യൂജേഴ്സി ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊടും ശൈത്യത്തോടൊപ്പം വീശിയടിക്കുന്ന കാറ്റില്‍ മരങ്ങള്‍ വീണും മറ്റും വൈദ്യുത ലൈനുകള്‍ തകര്‍ന്നത് ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കി. ടെക്‌സസ്, ലൂസിയാന, മിസിസിപ്പി തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലാണ് വൈദ്യുതി തടസ്സം രൂക്ഷമായിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം വീടുകള്‍ നിലവില്‍ ഇരുട്ടിലാണെന്നാണ് കണക്കുകള്‍. മഞ്ഞ് ഉരുകാന്‍ കാലതാമസമെടുക്കുമെന്നതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വരും ആഴ്ചകളിലും കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ മെക്‌സിക്കോയുടെ തീരത്ത് നിന്ന് ഉത്ഭവിച്ച ഫേണ്‍ കൊടുങ്കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതോടെ വരും ദിവസങ്ങളില്‍ തണുപ്പ് അതികഠിനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!