ഓട്ടവ : രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും തൊഴിൽ വിപണിയിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന, പുതുവർഷത്തിലെ ആദ്യ പലിശനിരക്ക് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. പണപ്പെരുപ്പം, മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP), തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ച ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.25% ആയി നിലനിർത്തി.

ഒക്ടോബറിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതും തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയർന്നതും ആശങ്കയുയർത്തിയിരുന്നു. എന്നാൽ, പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് എത്തുന്നതിന്റെ സൂചനകൾ കണ്ടതും പലിശനിരക്ക് നിലനിർത്താൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചു. ഇതോടെ പലിശനിരക്ക് കുറയ്ക്കണമെന്ന വാദങ്ങൾ ഒരു വശത്ത് ശക്തമാണെങ്കിലും, വിപണിയിലെ സ്ഥിരത കണക്കിലെടുത്ത് നിലവിലെ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു.
2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായും കുറച്ചിരുന്നു.

ജനുവരി മുതൽ ഡിസംബർ വരെയുള്ള എട്ട് പ്രധാന തീയതികളിലാണ് 2026-ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുക. ജനുവരി 28-ന് ശേഷം മാർച്ച് 18, ഏപ്രിൽ 29, ജൂൺ 10, ജൂലൈ 15, സെപ്റ്റംബർ 2, ഒക്ടോബർ 28, ഡിസംബർ 9 എന്നീ തീയതികളിലാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് തീരുമാനിക്കുക.
