ഓട്ടവ : ഫെഡറൽ സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 1,371 ജീവനക്കാരെ ഒഴിവാക്കുമെന്ന് ഏജൻസിയിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. പബ്ലിക് സർവീസ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ പറയുന്നു.

ഭക്ഷ്യ സുരക്ഷാ പ്രതിസന്ധിയിലേക്ക് കാനഡ ചുവടുവെക്കുമ്പോൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് അഗ്രികൾച്ചർ യൂണിയൻ നാഷണൽ പ്രസിഡൻ്റ് മിൽട്ടൺ ഡൈക്ക് പറയുന്നു. വെട്ടിക്കുറയ്ക്കലുകൾ ഭക്ഷ്യജന്യ രോഗങ്ങൾ പടരുന്നതും പക്ഷിപ്പനിയും മറ്റ് രോഗങ്ങളും മൂലം കൂടുതൽ കോഴികളും കന്നുകാലികളും ചത്തൊടുങ്ങുന്നതും തടയാൻ സാധിക്കാത്ത അവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭരണം, സേവനം എന്നീ മേഖലകളിൽ നിന്ന് 600 കോടി ഡോളർ ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി ഏകദേശം 40,000 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയുണ്ട്. ഹെൽത്ത് കാനഡ, ട്രാൻസ്പോർട്ട് കാനഡ തുടങ്ങിയ വകുപ്പുകളിലെ അയ്യായിരത്തിലധികം ജീവനക്കാർക്ക് ഇതിനകം നോട്ടീസ് ലഭിച്ചതായി യൂണിയനുകൾ അറിയിച്ചു.
