റെജൈന : പ്രവിശ്യാ സർക്കാരിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയതിനെതിരെ സസ്കാച്വാനിൽ പ്രതിഷേധം ശക്തം. പാട്രിക് ബൺഡ്രോക്കിനെ പ്രതിവർഷം 1,98,000 ഡോളർ ശമ്പളത്തിൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പുതിയ പദവിയിൽ നിയമിച്ചതാണ് പ്രതിപക്ഷമായ എൻഡിപിയെ പ്രകോപിപ്പിച്ചത്. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം, സ്വന്തം പാർട്ടിക്കാർക്കും വേണ്ടപ്പെട്ടവർക്കും ഉയർന്ന പദവികൾ വീതം വെച്ചു നൽകുകയാണ് പ്രീമിയർ സ്കോട്ട് മോ ചെയ്യുന്നതെന്ന് എൻഡിപി നേതാവ് നിക്കോൾ സരാവർ കുറ്റപ്പെടുത്തി.

അതേസമയം, മുൻ റെജൈന മേയർ സാന്ദ്ര മാസ്റ്റേഴ്സിനെയും തിരഞ്ഞെടുപ്പിൽ തോറ്റ മുൻ മന്ത്രി ജീൻ മകോവ്സ്കിയെയും സമാനമായ രീതിയിൽ ഉയർന്ന ശമ്പളമുള്ള തസ്തികകളിൽ നിയമിച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ നിയമനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറിയെങ്കിലും, കാർഷിക മേഖലയിലെ നേട്ടങ്ങൾ എടുത്തുപറഞ്ഞാണ് ഭരണപക്ഷം പ്രതിരോധിക്കുന്നത്. ജനക്ഷേമത്തേക്കാൾ സ്വന്തം സുഹൃത്തുക്കൾക്കും പാർട്ടിക്കാർക്കും മുൻഗണന നൽകുന്ന സർക്കാരിന്റെ ശൈലിക്കെതിരെപ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
