മൺട്രിയോൾ : പുതിയ ട്രാംവേ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ സജീവമാക്കാനൊരുങ്ങി കെബെക്ക് സിറ്റി. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന പാതയായ റെനെ-ലെവെസ്ക് ബൊളിവാർഡിൽ വരും വർഷങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ഈ പാതയിലൂടെയുള്ള യാത്ര ഏറെക്കുറെ അസാധ്യമാകുമെന്ന് മേയർ ബ്രൂണോ മർച്ചന്റ് മുന്നറിയിപ്പ് നൽകി. ഒന്നാം ഘട്ടത്തിൽ ലെ ജെൻഡ്രെ, സെന്റ്-ഫോയ്, സെന്റ്-റോക്ക്, ചാൾസ്ബർഗ് എന്നീ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 19 കിലോമീറ്റർ പാതയാണ് നിർമ്മിക്കുന്നത്. ഇതിനായി അഞ്ച് പ്രധാന ട്രാൻസിറ്റ് ഹബ്ബുകളും നഗരത്തിൽ സജ്ജീകരിക്കും.

നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ നൂറുകണക്കിന് പാർക്കിങ് സ്ഥലങ്ങൾ നീക്കം ചെയ്യുകയും ബസ് ലെയിനുകൾ പുനഃക്രമീകരിക്കുകയും ചെയ്യും. ലൂറിയർ ബൊളിവാർഡിലെ ഏഴ് വരി പാത നാലായി കുറയ്ക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരും. ഭൂഗർഭ പൈപ്പ് ലൈനുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും നവീകരണമാണ് ആദ്യഘട്ടത്തിൽ നടക്കുക. ഏകദേശം 760 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻപദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ യാത്രാസംവിധാനം പൂർണ്ണമായും മാറ്റിമറിക്കപ്പെടും. ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനായി ബദൽ പാതകൾ ഉപയോഗിക്കാൻ അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. 2033-ൽ ട്രാംവേ ശൃംഖലയുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
