വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ വ്യാപാര സ്ഥാപനത്തിന് നേരെ വെടിവെപ്പ് നടന്നതായി സറേ പൊലീസ് സർവീസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ 120-ാം സ്ട്രീറ്റിലെ 8100 ബ്ലോക്കിലുള്ള സ്ഥാപനത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് കൊള്ളയടിക്കലുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വ്യാപാര സ്ഥാപനത്തിന് വെടിവെപ്പിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആ സമയത്ത് വ്യാപാര സ്ഥാപനത്തിൽ ആളില്ലായിരുന്നതിനാൽ ആർക്കും പരുക്കേറ്റിട്ടില്ല. സറേ പൊലീസ് സർവീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

കവർച്ചയും ഭീഷണിപ്പെടുത്തി പണംതട്ടലും അടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സിറ്റി മേയർ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പ് നടന്നത്. ഈ വർഷം ആരംഭിച്ചത് മുതൽ ഇതുവരെ 36 പണംതട്ടൽ പരാതികളാണ് സറേ പൊലീസ് സർവീസിന് ലഭിച്ചത്. ഇതേ വേഗതയിൽ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ 2026 അവസാനത്തോടെ നഗരത്തിൽ നാനൂറിലധികം കേസുകൾ ഉണ്ടായേക്കാമെന്ന് പൊലീസ് ആശങ്കപ്പെടുന്നു. നഗരത്തിൽ ഭീതിയും അരക്ഷിതാവസ്ഥയും പടർത്തുന്ന ഇത്തരം ക്രിമിനലുകളെ തടയാൻ കർശന നടപടികൾ വേണമെന്ന് മേയർ ആവശ്യപ്പെട്ടു. കുറ്റവാളികളെ പരസ്യമായി തിരിച്ചറിയുക, അവരെ നാടുകടത്തുക, കുടിയേറ്റ നിയമങ്ങളിലെ പോരായ്മകൾ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ഉൾപ്പെടുന്നു. ഫെഡറൽ സർക്കാർ, പ്രൊവിൻഷ്യൽ സർക്കാർ, പൊലീസ് ഏജൻസികൾ എന്നിവർ ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും മേയർ പറഞ്ഞു.
