ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തെക്കൻ ഒൻ്റാരിയോയിലും അതിശൈത്യ കാലാവസ്ഥാ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. വ്യാഴാഴ്ച ജിടിഎയിലും തെക്കൻ ഒൻ്റാരിയോയിലും താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ അതിശൈത്യത്തിനൊപ്പം മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. വെള്ളിയാഴ്ച വരെ, തെക്കൻ ഒൻ്റാരിയോയിൽ അതിശൈത്യം അനുഭവപ്പെടും.

നയാഗ്ര മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയും കാറ്റിനും സാധ്യതയുണ്ട്. ഹ്യൂറോൺ തടാകത്തിന്‍റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. മിസ്സിസാഗയിൽ ഏകദേശം മൈനസ് 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഉയർന്ന താപനില. പക്ഷേ, രാവിലെ മൈനസ് 26 ഡിഗ്രി സെൽഷ്യസും ഉച്ചകഴിഞ്ഞ് കാറ്റിനൊപ്പം മൈനസ് 26 ഡിഗ്രി സെൽഷ്യസുമായി അനുഭവപ്പെടും. വൈകുന്നേരം കാലാവസ്ഥ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. മിസ്സിസാഗയിൽ രാത്രിയിൽ മൈനസ് 32 ഡിഗ്രി സെൽഷ്യസും ഓഷവയിൽ മൈനസ് 36 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടാം. രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. മിസ്സിസാഗയിൽ വെള്ളിയാഴ്ച മൈനസ് 30 മുതൽ മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് പ്രതീക്ഷിക്കുന്നു.
