വൻകൂവർ : പക്ഷിപ്പനി ഭീതിയിൽ കഴിഞ്ഞ വർഷം ബ്രിട്ടിഷ് കൊളംബിയയിലെ ഫാമിൽ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാൻ ഏകദേശം 70 ലക്ഷം ഡോളർ ചെലവായതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ടുനിന്ന ഓപ്പറേഷന് മൊത്തം 6,810,846 ഡോളർ ചെലവായതായി വെർനോൺ-ലേക്ക് കൺട്രി എംപി സ്കോട്ട് ആൻഡേഴ്‌സൺ, കൃഷി, കാർഷിക ഭക്ഷ്യ മന്ത്രി, നീതിന്യായ മന്ത്രി, പൊതു സുരക്ഷാ മന്ത്രി എന്നിവർ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇതിൽ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ജീവനക്കാരുടെ ശമ്പളമായി 339,497 ഡോളറും മൃഗങ്ങളുടെ തീറ്റയ്ക്ക് 13,780 ഡോളറും വെള്ളം, പ്രത്യേക ഉപകരണങ്ങൾ, വൈക്കോൽ, ഡെലിവറി ചെലവുകൾ എന്നിവയ്ക്ക് 380,397 ഡോളറും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതിന് 148,249 ഡോളറും ഉൾപ്പെടുന്നു. കൂടാതെ നശിപ്പിക്കൽ, നിർമാർജനം, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ സർവീസിന് ആകെ 482,734 ഡോളറും ചിലവായി. മൊത്തത്തിൽ, CFIA യുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും ആകെത്തുക 1,596,517 ഡോളർ ആയിരുന്നു. ഒട്ടകപ്പക്ഷി ഫാമുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് ഏകദേശം 1,380,000 ഡോളർ ചെലവായതായി നീതിന്യായ വകുപ്പ് അറിയിച്ചു.

ബിസിയിലെ എഡ്ജ്‌വുഡിലുള്ള യൂണിവേഴ്‌സൽ ഓസ്‌ട്രിച്ച് ഫാമിൽ 10 മാസങ്ങൾക്ക് മുൻപ് പക്ഷിപ്പനി ബാധിച്ച് എഴുപതോളം ഒട്ടകപ്പക്ഷികൾ ചത്തതിനെത്തുടർന്നാണ് മുഴുവൻ പക്ഷികളെയും കൊല്ലാൻ സിഎഫ്‌ഐഎ തീരുമാനിച്ചത്. ഈ കൂട്ടക്കൊല തടയാനായി ഫാം ഉടമകൾ സമർപ്പിച്ച അന്തിമ അപ്പീൽ സുപ്രീം കോടതി തള്ളിയതോടെ, 2025 നവംബറിൽ പക്ഷികളെ പൂർണ്ണമായി കൊന്ന് സംസ്കരിക്കുകയായിരുന്നു.
