എഡ്മിന്റൻ : ആൽബർട്ടയിൽ ഹൃദയശസ്ത്രക്രിയയ്ക്കും കാൻസർ ചികിത്സയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം റെക്കോർഡ് നിരക്കിലെന്ന് പുതിയ റിപ്പോർട്ടുകൾ. നിശ്ചിത സമയത്തിനുള്ളിൽ ശസ്ത്രക്രിയ ലഭിക്കുന്നത് 61 ശതമാനം രോഗികൾക്ക് മാത്രമാണെന്ന് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഹൃദയസംബന്ധമായ ബൈപാസ് ശസ്ത്രക്രിയകളുടെ കാര്യത്തിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 2019-ൽ 60 ശതമാനം പേർക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അത് വെറും 11 ശതമാനമായി കുറഞ്ഞു. ശസ്ത്രക്രിയ വൈകുന്നത് രോഗം മൂർച്ഛിക്കാനും മരണനിരക്ക് ഉയരാനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു.

കാൻസർ ശസ്ത്രക്രിയകളുടെ കാര്യത്തിലും സമാനമായ പ്രതിസന്ധിയാണ് പ്രവിശ്യ നേരിടുന്നത്. ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് തുടങ്ങിയ പ്രധാന കാൻസർ ശസ്ത്രക്രിയകൾ കൃത്യസമയത്ത് ലഭിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സ്വകാര്യ സർജിക്കൽ സെന്ററുകളെ കൂടുതൽ ആശ്രയിക്കുന്ന സർക്കാർ നയം പൊതുആശുപത്രികളിലെ ജീവനക്കാരുടെ കുറവിനും പ്രധാന ശസ്ത്രക്രിയകൾ തടസ്സപ്പെടാനും കാരണമായെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജനസംഖ്യാ വർധനയാണ് ഇതിന് കാരണമെന്നും കൂടുതൽ ഫണ്ട് അനുവദിച്ച് ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
