ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ ആൻഡ് ഹാമിൽട്ടൺ മേഖലയിലും (ജിടിഎച്ച്എ) വീണ്ടും അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. രാത്രിയിൽ താപനില മൈനസ് 23 ഡിഗ്രി സെൽഷ്യസിലേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടൊറൻ്റോയിലും ജിടിഎച്ച്എയിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിങ്ടൺ, ഓക്ക്‌വിൽ, ഹാമിൽട്ടൺ എന്നിവയുൾപ്പെടെ പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും.

അതിശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനൊപ്പം തണുപ്പ് മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ശനിയാഴ്ച വരെ തണുപ്പ് തുടരും. ശനിയാഴ്ച പകൽ സമയത്തെ ശരാശരി താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസും താഴ്ന്നത് മൈനസ് 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഞായറാഴ്ചയോടെ, അതിശൈത്യ കാലാവസ്ഥയിൽ നിന്നും ചെറിയ മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെങ്കിലും ഉയർന്ന താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസായിരിക്കും.

അതിശൈത്യ കാലാവസ്ഥയെ തുടർന്ന് ടൊറൻ്റോയിൽ വാമിങ് സെന്‍ററുകൾ തുറന്നിട്ടുണ്ട്. 150 ഷെർബോൺ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ജോൺ ഇന്നിസ് കമ്മ്യൂണിറ്റി സെന്‍ററിൽ വൈകുന്നേരം 5 മണിക്ക് എട്ടാമത്തെ താൽക്കാലിക സർജ് വാമിങ് സെന്‍റർ തുറക്കുമെന്ന് സിറ്റി അറിയിച്ചു. നിലവിൽ 136 സ്പഡൈന റോഡ് (ഡ്യൂപോണ്ട് സ്ട്രീറ്റിന് തെക്ക്), 81 എലിസബത്ത് സ്ട്രീറ്റ് (സിറ്റി ഹാളിന് പിന്നിൽ, ബേ സ്ട്രീറ്റിന് പടിഞ്ഞാറ്, ഡണ്ടാസ് സ്ട്രീറ്റിന് തെക്ക്), 349 ജോർജ് സ്ട്രീറ്റ് (ജാർവിസ് സ്ട്രീറ്റിന് കിഴക്ക്, ജെറാർഡ് സ്ട്രീറ്റിന് തെക്ക്), 12 ഹോംസ് അവന്യൂ (യങ് സ്ട്രീറ്റിന് പുറത്ത്, ഫിഞ്ച് അവന്യൂവിന് തെക്ക്, എല്ലെസ്മിയർ റോഡിന് തെക്ക്), സെസിൽ കമ്മ്യൂണിറ്റി സെന്‍റർ, 58 സെസിൽ സ്ട്രീറ്റ് (സ്പഡൈന അവന്യൂവിന് കിഴക്ക്, കോളേജ് സ്ട്രീറ്റിന് തെക്ക്), ജിമ്മി സിംപ്സൺ റിക്രിയേഷൻ സെന്‍റർ, 870 ക്വീൻ സ്ട്രീറ്റ് ഈസ്റ്റ് (ബ്രോഡ്‌വ്യൂ അവന്യൂവിന് കിഴക്ക്, ക്വീൻ സ്ട്രീറ്റിന് വടക്ക്) എന്നിവിടങ്ങളിൽ വാമിങ് സെന്‍ററുകൾ തുറന്നിട്ടുണ്ട്.
