ഷാർലെറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I.) വന്ധ്യതാ ചികിത്സാ സൗകര്യങ്ങളുടെ അഭാവം ദമ്പതികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് വിദഗ്ധർ. നിലവിൽ കാനഡയിൽ സ്വന്തമായി ഫെർട്ടിലിറ്റി ക്ലിനിക്ക് ഇല്ലാത്ത ഏക പ്രവിശ്യയാണിത്. ചികിത്സയ്ക്കായി ആഴ്ചയിൽ പലതവണ ദൂരയാത്ര ചെയ്യേണ്ടി വരുന്നത് രോഗികളിൽ വലിയ മാനസികവും സാമ്പത്തികവുമായ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് ഫെർട്ടിലിറ്റി മാറ്റേഴ്സ് കാനഡ എക്സിക്യൂട്ടീവ് അധികൃതർ ചൂണ്ടിക്കാട്ടി.
P.E.I. ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഒരു സമ്പൂർണ്ണ IVF ക്ലിനിക്ക് പ്രായോഗികമായേക്കില്ല. എന്നാൽ രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ്, പ്രാഥമിക ചികിത്സകൾ എന്നിവ ലഭ്യമാക്കുന്ന ഒരു സാറ്റലൈറ്റ് സെന്റർ ആരംഭിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. ഇത് വഴി ദൂരയാത്രകൾ ഒഴിവാക്കി പ്രാഥമിക ഘട്ടങ്ങൾ നാട്ടിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും. നിലവിൽ ഒരു IVF ചികിത്സയ്ക്ക് 10,000 മുതൽ 20,000 ഡോളർ വരെയാണ് ചിലവ് വരുന്നത്.

പ്രവിശ്യയിലെ കുറഞ്ഞ ജനനനിരക്ക് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതിനാൽ ഫെർട്ടിലിറ്റി ഫണ്ടിങ് വർദ്ധിപ്പിക്കണമെന്നും വരുമാന പരിധിയില്ലാതെ എല്ലാവർക്കും സഹായം ലഭ്യമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അധികൃതർ അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അടുത്ത വർഷത്തിനുള്ളിൽ തന്നെ ഇത്തരം ഒരു കേന്ദ്രം പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
