ഓട്ടവ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2018-ൽ കാനഡയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരുന്നതായി വെളിപ്പെടുത്തൽ. പുതുതായി പുറത്തുവിട്ട യുഎസ് സർക്കാർ രേഖകളിലാണ് കനേഡിയൻ സർക്കാരിന്റെ ഈ നടപടിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധപ്പെട്ട 35 ലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് കനേഡിയൻ സർക്കാരുമായി അദ്ദേഹം നടത്തിയ ഇമെയിൽ ആശയവിനിമയങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 2018 ഏപ്രിലിൽ വൻകൂവറിൽ നടന്ന ടെഡ് (TED) കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി തന്റെ ക്രിമിനൽ റെക്കോർഡ് മറികടന്ന് യാത്ര ചെയ്യുന്നതിനായി താൽക്കാലിക റസിഡന്റ് പെർമിറ്റിന് അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഇതിനായി ലൊസാഞ്ചലസിലെ കനേഡിയൻ കോൺസുലേറ്റിനെയാണ് എപ്സ്റ്റീൻ സമീപിച്ചത്. എന്നാൽ, ഏപ്രിൽ 4-ന് നൽകിയ മറുപടിയിൽ കാനഡ ഈ അപേക്ഷ തള്ളുകയായിരുന്നു. അപേക്ഷ വിശദമായി പരിശോധിച്ചുവെന്നും എന്നാൽ കാനഡയിലെ നിയമമനുസരിച്ച് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടതിനാൽ എപ്സ്റ്റീന് രാജ്യത്തേക്ക് പ്രവേശനം നൽകാനാവില്ലെന്ന് കത്തിൽ വ്യക്തമാക്കി. മാനുഷിക പരിഗണന അർഹിക്കുന്ന അതീവ പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം നിയമങ്ങളിൽ ഇളവ് നൽകാറുള്ളൂ എന്നും കോൺസുലേറ്റ് അറിയിച്ചു.
എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യത്തിന് പിന്നാലെയാണ് ഫയലുകൾ പരസ്യമായി പുറത്തുവിടാൻ നീതിന്യായ വകുപ്പിന് യുഎസ് കോടതി അനുമതി നൽകിയത്. നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസുകൾ. മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
