Saturday, January 31, 2026

ഇവി വിപണിയിലൂടെ മാറ്റത്തിനൊരുങ്ങി കാനഡ ഓട്ടോമൊബൈല്‍ മേഖല

ഓട്ടവ: ഒന്റാരിയോയിലെ ഓഷാവയിലുള്ള ജനറല്‍ മോട്ടോഴ്സ് (GM) പ്ലാന്റിലെ 1,200-ഓളം തൊഴിലാളികള്‍ തങ്ങളുടെ അവസാന ഷിഫ്റ്റ് കഴിഞ്ഞ് പടിയിറങ്ങിയതോടെ കാനഡയിലെ വാഹന നിര്‍മ്മാണ മേഖല വലിയൊരു പ്രതിസന്ധിക്കും മാറ്റത്തിനും സാക്ഷ്യം വഹിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര താരിഫുകള്‍ കമ്പനികളെ അമേരിക്കയിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു എന്ന വാദങ്ങള്‍ക്കിടെയാണ് ഈ പിരിച്ചുവിടല്‍. അതേസമയം, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈന സന്ദര്‍ശിച്ച് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ചകള്‍ നടത്തുകയും ചൈനീസ് നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (EV) കുറഞ്ഞ താരിഫ് നിരക്ക് ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആഗോളതലത്തില്‍ കാനഡയുടെ സ്ഥാനം പുനഃക്രമീകരിക്കാനുള്ള നീക്കമായി കാണപ്പെടുന്നു.

വാഹന വ്യവസായം നിലവില്‍ ഓട്ടോമേഷന്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നീ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്ന് കാര്‍ലെറ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഇയാന്‍ ലീ നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ പഴയ രീതികള്‍ക്കായി വാദിക്കുന്നതിനേക്കാള്‍ നല്ലത് തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രതീക്ഷിച്ച വേഗതയില്‍ സ്വീകാര്യത ലഭിക്കുന്നില്ലെങ്കിലും, ഭാവിയില്‍ ഇന്ധന വാഹനങ്ങളെ ഇവ മറികടക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ മാറ്റങ്ങളെ തടയുന്നതിന് പകരം അവയുമായി പൊരുത്തപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിരോധ മേഖലയിലും ലൈഫ് സയന്‍സ് രംഗത്തും അവസരങ്ങള്‍ നല്‍കുമെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ‘സംരക്ഷണവാദം’ (Protectionism) എന്ന നയം പുതുമകളെ തടയുകയും വ്യവസായത്തെ തളര്‍ത്തുകയും ചെയ്യുമെന്ന് ഇയാന്‍ ലീ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 20,000 മുതല്‍ 30,000 ഡോളര്‍ വരെ വില വരുന്ന ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലില്ല. ചൈനീസ്, ദക്ഷിണ കൊറിയന്‍ കമ്പനികളുടെ നിക്ഷേപം കാനഡയിലേക്ക് വരുന്നത് മത്സരബുദ്ധി വര്‍ദ്ധിപ്പിക്കുമെന്നും ഇത് സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ വാഹനങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുമെന്നും അദ്ദേഹം കരുതുന്നു.

എങ്കിലും കാനഡയുടെ വാഹന വ്യവസായത്തിന് മുന്നില്‍ വലിയൊരു ഭീഷണി നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുമായുള്ള കുസ്മ (CUSMA) കരാര്‍ വിജയകരമായി പുനര്‍നിര്‍ണ്ണയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കനേഡിയന്‍ വാഹനങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനം നഷ്ടമാകും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കാനഡയിലെ വാഹന നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും തകരാന്‍ സാധ്യതയുണ്ടെന്നും ഇയാന്‍ ലീ ആശങ്ക പ്രകടിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!