കാൽഗറി: കൺസർവേറ്റീവ് പാർട്ടി ലീഡർ സ്ഥാനത്ത് പിയേർ പൊളിയേവ് തുടരും. നാഷണൽ കൺവെൻഷനിൽ നടന്ന വോട്ടെടുപ്പിൽ 87.4 ശതമാനം പ്രതിനിധികളുടെ പിന്തുണയോടെയാണ് അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചത്. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന് 2005-ൽ ലഭിച്ച 84 ശതമാനം പിന്തുണയെ ഇതോടെ പൊളിയേവ് മറികടന്നു.
കാനഡ തകർന്നു എന്ന പഴയ ശൈലിയിലുള്ള കാഴ്‌ചപ്പാടിന് പകരം പ്രതീക്ഷ എന്ന എന്ന പ്രമേയത്തിലൂന്നിയുള്ള രാഷ്ട്രീയ ശൈലിയെ കൂട്ടുപിടിച്ചാണ് അദ്ദേഹം തൻ്റെ ആശയ ങ്ങളെ കൺവെൻഷനിൽ അവതരിപ്പിച്ചത്. പ്രാദേശിക തലത്തിൽ സ്ഥാനാർ ത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ചകൾ അദ്ദേഹം സമ്മതിച്ചു. വരും തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക ഘടകങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കീഴിലുള്ള ലിബറൽ സർക്കാർ ജനജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു .സൈനിക റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിക്കണമെന്നും സ്വത്ത് വകകൾ സംരക്ഷിക്കാൻ ബലപ്രയോഗം അനുവദിക്കുന്ന കാസിൽ ലോ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയോട് പരാജയപ്പെട്ടെങ്കിലും, പാർട്ടിക്കുള്ളിൽ തനിക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് ഉറപ്പാക്കുന്നതായി പൊളിയേവിൻ്റെ വിജയം. ട്രംപിന്റെ നയങ്ങൾ കാനഡയെ ബാധിക്കുന്ന സാഹചര്യത്തിൽ, ശക്തമായ ഒരു പ്രതിപക്ഷമായി മുന്നോട്ട് പോകാൻ പൊളിയേവിന് കഴിയുമെന്നാണ് അണികളുടെ വിശ്വാസം. വിപരീത സാഹചര്യങ്ങളിൽ രാജ്യം ഒന്നിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യത്തെ കുറിച്ച് പൊളിയേവ് കൺവെൻഷിൽ സംസാരിച്ചു.

യുഎസ് താരിഫ് കുറയ്ക്കാനുള്ള കാർണി സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം എന്നാൽ പ്രസിഡന്റ് ട്രംപിനെ വിമർശിച്ച് കൊണ്ട് ഒരു പ്രസ്‌താവനയും നടത്തിയില്ല. കൺസർവേറ്റീവ് പാർട്ടി ചെറുകിട ബിസിനസ്സ് ഉടമ കളുടെയും യുവാക്കളുടെയും തൊഴിലാളി യൂണിയൻ അംഗങ്ങൾ ഉൾപ്പെ ടെയുള്ളവരുടെ പാർട്ടിയാണെന്നും വ്യക്തമാക്കി. രണ്ട് എം.പിമാർ ലിബറൽ പാർട്ടിയിലേക്ക് ചേക്കറിയ പശ്‌ചാത്തലത്തിലും പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൺവെൻഷനിൽ നേരത്തെ സംസാരിച്ച പാർട്ടി നേതാക്കൾ പറഞ്ഞു. മാസങ്ങളായി ലിബറലുകൾ തങ്ങളുടെ പാർട്ടിയിൽ ഭിന്നത വിതയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഒൻ്റാരിയോ എം.പി കോസ്റ്റാസ് മെനെഗാകിസ് രംഗത്തുവന്നു.
