കെബെക്ക് സിറ്റി: കെബെക്ക് പ്രവിശ്യയില്‍ ഗാര്‍ഹിക പീഡനം പരാതികളില്‍ വന്‍ വര്‍ധന. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എണ്‍പതിനായിരത്തിലധികം പരാതകിളാണ് ലഭിച്ചത്. പ്രവിശ്യയുടെ മുഴുവന്‍ ചുമതലയുള്ള സുരേറ്റെ ദു കെബെക്ക് (SQ) നല്‍കുന്ന കണക്കുകള്‍ പ്രകാരം 2015 മുതല്‍ ഏകദേശം 82,019 സഹായ അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഇതേ കാലയളവില്‍ കുറഞ്ഞത് 81 സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ യഥാര്‍ത്ഥ മരണസംഖ്യയേക്കാള്‍ കുറവാകാനാണ് സാധ്യതയെന്നും പ്രാദേശിക പോലീസ് കൈകാര്യം ചെയ്യുന്ന കേസുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എസ്.ക്യു അറിയിച്ചു.
2015ല്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് 4,257 കേസുകളിലാണ് പോലീസ് ഇടപെട്ടതെങ്കില്‍, 2024-ല്‍ അത് 10,035 ആയും 2025-ല്‍ (ഡിസംബര്‍ ഒഴികെ) 8,937 ആയും ഉയര്‍ന്നു. റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നത് പീഡനങ്ങള്‍ കൂടുന്നത് കൊണ്ടല്ല, മറിച്ച് ഇരകള്‍ക്ക് പരാതി നല്‍കാനുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചതും പോലീസിന് ലഭിക്കുന്ന മികച്ച പരിശീലനവും കാരണമാണെന്ന് എസ്.ക്യു ലഫ്റ്റനന്റ് കരോലിന്‍ ഗിരാര്‍ഡ് വ്യക്തമാക്കി. എന്നിരുന്നാലും, കോവിഡ്-19 മഹാമാരിയുടെ കാലഘട്ടമായ 2021-ലും 2022-ലും മരണസംഖ്യ യഥാക്രമം 12, 10 എന്നിങ്ങനെ ഉയര്‍ന്ന നിലയിലായിരുന്നു.
മോണ്ടെറീഗി (Montérégie) മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇവിടെ 14,322 കോളുകളാണ് പോലീസിന് ലഭിച്ചത്. കൂടാതെ, ഇവിടെ പത്ത് വര്‍ഷത്തിനിടെ 26 സ്ത്രീകള്‍ കൊല്ലപ്പെട്ടു. നോര്‍ഡ്-ദു-കെബെക്ക് (13 മരണം), ലോറന്‍ഷ്യന്‍സ് (11 മരണം) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് മേഖലകള്‍. മോണ്‍ട്രിയല്‍ നഗരത്തില്‍ (SPVM) സ്ഥിതി താരതമ്യേന സ്ഥിരമാണെങ്കിലും, 2025-ല്‍ മാത്രം 15,310 സഹായ കോളുകളാണ് 911-ലേക്ക് എത്തിയത്.
ഗാര്‍ഹിക പീഡനം തടയാന്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ പുരുഷന്മാരുടെ മാനസികാവസ്ഥയും സാമൂഹികമായ ഒറ്റപ്പെടലും അഭിസംബോധന ചെയ്യണമെന്ന് മക്ഗില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. സിസില്‍ റൂസ്സോ അഭിപ്രായപ്പെട്ടു. ആക്രമണകാരികളാകാന്‍ സാധ്യതയുള്ളവര്‍ക്ക് സഹായം നല്‍കുന്നത് ഒരു ആഡംബരമല്ല, മറിച്ച് അക്രമത്തിന്റെ വേരറുക്കാനുള്ള മാര്‍ഗ്ഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഗാര്‍ഹിക പീഡനത്തിന്റെ പ്രധാന കാരണം ലിംഗവിവേചനമാണെന്നും അതിനാണ് പരിഹാരം കാണേണ്ടതെന്നും എസ്.ഒ.എസ് വയലന്‍സ് കോണ്‍ജുഗലിലെ ക്ലോഡിന്‍ തിബോഡോ വാദിക്കുന്നു.
കെബെക്ക് പോലീസ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും കൂടുതല്‍ സുതാര്യതയും കൃത്യതയും വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2026-ന്റെ തുടക്കത്തില്‍ തന്നെ ഇതിനോടകം അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
