എഡ്മിന്റൻ : ജനവാസ മേഖലകളിൽ പലയിടത്തും ഗ്രോസറി സ്റ്റോറുകളുടെ അഭാവം രൂക്ഷമാകുന്നതിനെതിരെ നടപടി ശക്തമാക്കി എഡ്മിന്റൻ സിറ്റി. ഒരു പ്രദേശം വിട്ടുപോകുമ്പോഴോ സ്റ്റോർ പൂട്ടിക്കഴിയുമ്പോഴോ ആ സ്ഥലത്ത് മറ്റ് മത്സരക്കമ്പനികൾ ബിസിനസ് തുടങ്ങുന്നത് തടയാൻ വലിയ കമ്പനികൾ നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇത് പലയിടത്തും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ സ്റ്റോറുകളില്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു. ഈ രീതി അവസാനിപ്പിക്കാൻ മാനിറ്റോബ മാതൃകയിൽ ശക്തമായ നിയമം കൊണ്ടുവരണമെന്ന് കൗൺസിലർ മൈക്കൽ ജാൻസ് ആവശ്യപ്പെട്ടു. ഇതിനായി പുതിയ നിയമ നിർമാണം നടത്താൻ പ്രവിശ്യാ സർക്കാരിനോട് ശുപാർശ ചെയ്യുന്ന പ്രമേയം അടുത്തയാഴ്ച എഡ്മിന്റൻ സിറ്റി കൗൺസിലിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രീസ്‌ബാച്ച് പോലുള്ള മേഖലകളിൽ വർഷങ്ങളായി സൂപ്പർമാർക്കറ്റ് പോലും ഇല്ലാത്തത് ഇത്തരം കുത്തക താൽപ്പര്യങ്ങൾ മൂലമാണെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി. വലിയ കമ്പനികൾ വിപണിയിലെ മത്സരം ഇല്ലാതാക്കുന്നത് വഴി ഭക്ഷണസാധനങ്ങളുടെ വില കൂടാനും ജനങ്ങൾക്ക് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരാനും ഇടയാക്കുന്നുണ്ട്. അതേസമയം, മാനിറ്റോബയിലെ മാറ്റങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി പ്രതികരിച്ചു.
