Saturday, January 31, 2026

എപ്സ്റ്റീൻ ഫയലുകളിലെ മോദിയുടെ പേര്: തള്ളിക്കളയുന്നതായി ഇന്ത്യ

ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടത് പ്രതിപക്ഷം വിമർശനായുധമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്ന ഇമെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടുവെന്നും എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ, ഫയലുകളിലെ മറ്റ് സൂചനകൾ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകൾ മാത്രമാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വക്താവ് രൺധീർ സിങ് ജയ്‌സ്വാൾ അറിയിച്ചു.

ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ഇതൊരു “ദേശീയ അപമാനമാണെന്ന്” വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലിൽ വെച്ച് യുഎസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ “IT WORKED!” എന്ന് എപ്സ്റ്റീൻ എഴുതിയതായും ആരോപിച്ചു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നുവെന്നും, ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും “IT WORKED!” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.

യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ പുതിയ രേഖകളിൽ മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2,000-ലധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ വിവരശേഖരം പുറത്തുവിട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!