Saturday, January 31, 2026

എപ്‌സ്റ്റീൻ ഫയലുകളിൽ ന്യൂയോർക്ക് മേയറുടെ അമ്മ മീരാനായരും; വിരുന്നിൽ പങ്കെടുത്തെന്ന്‌ രേഖകൾ

ന്യൂയോർക്ക്: ലോകത്തെ നടുക്കിയ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിൽ ഇന്ത്യൻ വംശജയായ പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെ പേരും. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ മാതാവാണ് മീരാ നായർ.
2009 ഒക്ടോബർ 21-ന് പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് അയച്ച ഇമെയിലിലാണ് മീരാ നായരുടെ പേരുള്ളത്. എപ്‌സ്റ്റീന്റെ പങ്കാളിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ വീട്ടിൽ നടന്ന ഒരു സിനിമാ വിരുന്നിൽ മീരാ നായർ പങ്കെടുത്തു എന്നാണ്‌ ഇമെയിൽ നൽകുന്ന സൂചന. ഈ വിരുന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. മീരാ നായർ സംവിധാനം ചെയ്ത അമേലിയ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു ഇവർ പങ്കെടുത്തത്. ഹിലാരി സ്വാങ്ക്, റിച്ചാർഡ് ഗിയർ എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു ഇത്.

അതേസമയം എപ്‌സ്റ്റീൻ ഫയലുകളിൽ പേര് വരുന്നത് അവർ ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളികളാണ്‌ എന്നതിൻ്റെ തെളിവല്ലെന്ന്‌ നിയമവിദഗ്ധർ വ്യക്തമാക്കുന്നു. പല പ്രമുഖരും സാമൂഹികമായ ഒത്തുചേരലുകളുടെ ഭാഗമായാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ളത്. അമേരിക്കൻ നീതിന്യായ വകുപ്പ് ഏകദേശം 30 ലക്ഷത്തോളം പേജുകൾ വരുന്ന രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിൽ 2,000 വീഡിയോകളും ലക്ഷക്കണക്കിന് ചിത്രങ്ങളും ഉൾപ്പെടുന്നു. എലോൺ മസ്ക്, ബിൽ ഗേറ്റ്‌സ് തുടങ്ങിയ പ്രമുഖരെക്കുറിച്ചുള്ള പരാമർശങ്ങളും ഫയലുകളിലുണ്ട്.
ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസോ മീരാ നായരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള പ്രശസ്തി നേടിയ വ്യക്തിയാണ് മീരാ നായർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!