ഓട്ടവ: കാനഡയിൽ താൽക്കാലിക വീസകളിൽ എത്തുന്നവർ കാലാവധിക്ക് ശേഷം രാജ്യം വിടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന ഡയബ്. നിലവിൽ വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ് എന്നിവയിലുള്ളവർ രാജ്യം വിടുന്നത് കൃത്യമായി രേഖപ്പെടുത്താൻ ലളിതമായ മാർഗങ്ങളില്ല. ഈ വർഷം ഏകദേശം 19 ലക്ഷം താൽക്കാലിക വീസകളുടെ കാലാവധി അവസാനിക്കാനിരിക്കെ, ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവരെ നിരീക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് പല രാജ്യങ്ങളും പിന്തുടരുന്ന ഈ മാതൃക കാനഡയും നടപ്പിലാക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
താൽക്കാലിക വീസയിലുള്ളവർ കുടിയേറ്റ നിയമങ്ങൾ ദുരുപയോഗം ചെയ്ത് Asylum Claims അപേക്ഷിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. 2024-ൽ മാത്രം ലക്ഷക്കണക്കിന് ആളുകൾ ഇത്തരത്തിൽ അപേക്ഷ നൽകിയെങ്കിലും വളരെ കുറഞ്ഞ ശതമാനം ആളുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്. വീസ കാലാവധി നീട്ടിക്കിട്ടാനുള്ള മാർഗമായി അപേക്ഷകളെ കാണരുതെന്നും, കുടിയേറ്റ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ലെന ഡയബ് പറഞ്ഞു. ഇതിനായി പുതിയ അതിർത്തി സുരക്ഷാ ബില്ലും (C-12) സെനറ്റിന്റെ പരിഗണനയിലാണ്.

അതോടൊപ്പം കുടിയേറ്റ നടപടികൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ വീസ, ഓൺലൈൻ പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയ പദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. മൊറോക്കോയിൽ നിന്നുള്ള യാത്രക്കാർക്കായി ഡിജിറ്റൽ വീസകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തി പൊതുജനവിശ്വാസം വീണ്ടെടുക്കാനാണ് കാനഡ ശ്രമിക്കുന്നത്. 2025-ൽ നിശ്ചയിച്ച ലക്ഷ്യത്തിനനുസരിച്ച് കുടിയേറ്റ നിരക്ക് കുറയ്ക്കാൻ സാധിച്ചതായും ഇമിഗ്രേഷൻ വകുപ്പ് അവകാശപ്പെട്ടു.
