വിനിപെഗ് : പുതുവർഷത്തിലും മാനിറ്റോബയിൽ അഞ്ചാംപനി ബാധ തുടരുന്നതായി ആരോഗ്യവകുപ്പ്. ജനുവരിയിൽ മാത്രം ഇതുവരെ 51 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണെന്നും ഇതിൽ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലുള്ളവരിൽ 16 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഗർഭിണികളിലും നവജാതശിശുക്കളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

അവധി കഴിഞ്ഞ് ആളുകൾ കൂട്ടമായി ഒത്തുചേർന്നതാണ് രോഗം പടരാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിങ്ക്ലർ, പോർട്ടേജ് ലാ പ്രെയറി തുടങ്ങിയ സ്ഥലങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും ആശുപത്രികളിലും എത്തിയവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. പനി, ചുമ, കണ്ണ് ചുവക്കൽ, ചർമ്മത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രതിരോധ കുത്തിവെപ്പ് എടുക്കുക മാത്രമാണ് ഈ രോഗത്തെ തടയാനുള്ള ഏക മാർഗമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.
