ഓട്ടവ: അമേരിക്കയിലെ മിനസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെ ഫെഡറൽ ഏജൻസികൾ നടത്തുന്ന ശക്തമായ നടപടികളെയും തുടർന്നായുണ്ടായ മരണങ്ങളെയും പരോക്ഷമായി വിമർശിച്ച് കാനഡ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്ദസംഗരി. മിനസോട്ടയിൽ നടന്നത് പോലുള്ള സംഭവങ്ങൾ കാനഡയിൽ സംഭവിക്കില്ലെന്നും നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിച്ചാണ് കുടിയേറ്റക്കാരെ പുറത്താക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിനസോട്ടയിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നേരിട്ട് അഭിപ്രായം പറയാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, കാനഡയുടെ നടപടികൾ കൂടുതൽ മാനുഷികവും സുതാര്യവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മിനസോട്ടയിൽ ഐ.സി.ഇ (ICE) ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 2 പേർ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കവേ, കഴിഞ്ഞ വർഷം 22,000-ത്തിലധികം ആളുകളെ കാനഡ പുറത്താക്കിയത് തികച്ചും സമാധാനപരവും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ ചില വിള്ളലുകൾ ഉണ്ടെങ്കിലും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള വിവരങ്ങൾ കൈമാറുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മിനസോട്ടയിലെ സംഭവങ്ങളിൽ കാനഡ നിലപാട് വ്യക്തമാക്കണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ആവശ്യപ്പെട്ടു. മിനസോട്ടയുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യ എന്ന നിലയിൽ മാനിറ്റോബയിലെ ജനങ്ങൾ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ മൂല്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ അയൽരാജ്യത്ത് നടക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തണമെന്നും, വ്യാപാര ചർച്ചകളിൽ ട്രംപിന്റെ സമ്മർദ്ദതന്ത്രങ്ങളെ നേരിടാൻ ധാർമ്മികമായ ഈ നിലപാട് കാനഡയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
