ഓട്ടവ : അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത നാറ്റോ (NATO) സൈനികർ മുൻനിരയിൽ ഉണ്ടായിരുന്നില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ കാനഡയിലെ വിമുക്തഭടന്മാർ രംഗത്ത്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്കയെ സഹായിക്കാൻ എത്തിയ സഖ്യകക്ഷികളെ അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് അവർ ആരോപിച്ചു. യുദ്ധത്തിൽ മകനെ നഷ്ടപ്പെട്ട റിട്ടയേർഡ് സൈനികൻ കെൻ സ്റ്റാനിക്സ് ഉൾപ്പെടെയുള്ളവർ ട്രംപിന്റെ വാക്കുകളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ ഒരിടവും സുരക്ഷിതമായിരുന്നില്ലെന്നും കനേഡിയൻ സൈനികർ ജീവൻ പണയപ്പെടുത്തിയാണ് മുൻനിരയിൽ പോരാടിയതെന്നും വിമുക്തഭടന്മാർ ഓർമ്മിപ്പിച്ചു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ കനേഡിയൻ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി ശക്തമായി പ്രതികരിച്ചു. സഖ്യകക്ഷികൾ തോൾപ്പൊക്കത്തിൽ നിന്ന് ഒരുമിച്ചാണ് പോരാടിയതെന്നും ആരും പിന്നോട്ട് മാറി നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് മാപ്പ് പറയണമെന്ന് വിമുക്തഭടന്മാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സൈനികരെയും യുദ്ധവീരന്മാരെയും ട്രംപ് മുൻപും ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും ഇത് ദൗർഭാഗ്യകരമാണെന്നും വിമുക്തഭടന്മാർ കൂട്ടിച്ചേർത്തു.
