ടൊറന്റോ : ഒന്റാരിയോയിലെ കെനോറയിൽ ‘ലൂയി വിറ്റൺ’ എന്ന പേരിൽ അറിയപ്പെടുന്ന മാരക ലഹരിമരുന്ന് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത് ഉപയോഗിച്ച ഒരാൾ മരിക്കുകയും നിരവധി പേർക്ക് അമിത ലഹരിബാധ ഉണ്ടാവുകയും ചെയ്തിരുന്നു. പിങ്ക്, പർപ്പിൾ നിറങ്ങളിൽ ലഭിക്കുന്ന ഈ മരുന്നിൽ ഫെന്റനൈൽ എന്ന അപകടകരമായ ഘടകമാണ് അടങ്ങിയിരിക്കുന്നതെന്ന് നോർത്ത്വെസ്റ്റേൺ ഹെൽത്ത് യൂണിറ്റ് മുന്നറിയിപ്പ് നൽകി. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ‘നാലോക്സോൺ’ കുത്തിവെപ്പുകൾ പോലും ഇതിനെതിരെ ഫലപ്രദമാകുന്നില്ല എന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.

ലഹരിമരുന്നിൽ മറ്റ് വിഷാംശങ്ങൾ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗജന്യ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഒറ്റയ്ക്ക് ഇരിക്കരുതെന്നും അത്യാവശ്യഘട്ടത്തിൽ സഹായം തേടാൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. കയ്യിലുള്ള നാലോക്സോൺ കിറ്റുകളുടെ കാലാവധി തീർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
