സെന്റ് ജോൺസ് :ന്യൂഫിൻലൻഡ് ബാഡ്ജർ ടൗണിലെ എക്സ്‌പ്ലോയിറ്റ്‌സ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് നദിയിലെ ജലനിരപ്പ് ഉയർന്ന് ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. ഐസ് കട്ടകൾ അടിഞ്ഞുകൂടി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ഐസ് ജാമുകളെക്കുറിച്ചും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ് അംഗങ്ങളും പ്രദേശത്ത് പട്രോളിങ് നടത്തുകയും ജലനിരപ്പ് ഓരോ മണിക്കൂർ ഇടവിട്ട് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രവിശ്യാ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒഴിഞ്ഞുപോയവർ കമ്മ്യൂണിറ്റി സെന്ററിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിലവിൽ വീടുകളിലേക്ക് എപ്പോൾ മടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് പല കുടുംബങ്ങളും.
