ടൊറൻ്റോ: നാവിഗേഷൻ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ടോംടോം (TomTom) പുറത്തുവിട്ട 2025-ലെ ആഗോള ട്രാഫിക് ഇൻഡക്സ് പ്രകാരം, കാനഡയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന രണ്ടാമത്തെ നഗരമായി ടൊറൻ്റോ മാറി. കഴിഞ്ഞ വർഷം ടൊറൻ്റോയിലെ ഡ്രൈവർമാർക്ക് ശരാശരി 100 മണിക്കൂറിലധികം സമയമാണ് തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിൽ നഷ്ടമായത്.
2024-നെ അപേക്ഷിച്ച് യാത്രാ സമയത്തിൽ ഏകദേശം നാല് മണിക്കൂറിൻ്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ 112 മണിക്കൂർ ട്രാഫിക് കുരുക്കിൽ നഷ്ടപ്പെട്ട വൻകൂവർ നഗരമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ടൊറൻ്റോയിലെ ട്രാഫിക് സാന്ദ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും, വാഹനങ്ങളുടെ വേഗത കുറയുന്നതും യാത്രാസമയം കൂടുന്നതും വലിയ വെല്ലുവിളിയായി തുടരുന്നു.

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, ടൊറൻ്റോയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 26 മിനിറ്റും 40 സെക്കൻഡും ആവശ്യമാണ്. തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 18.9 കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. ഹെവേകളിലൂടെയുള്ള യാത്രയിൽ വാഹനങ്ങൾ ശരാശരി 53.6 കിലോമീറ്റർ വേഗത മാത്രമാണ് കൈവരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഏറ്റവും മോശം ഗതാഗതക്കുരുക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 14-നായിരുന്നു. അന്ന് വൈകുന്നേരം ആറ് മണിയോടെ ട്രാഫിക് തിരക്ക് 106 ശതമാനമായി ഉയർന്നതോടെ ഡ്രൈവർമാർക്ക് 15 മിനിറ്റ് കൊണ്ട് വെറും 3.8 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാൻ സാധിച്ചത്. ലോകമെമ്പാടുമുള്ള 3.65 ട്രില്യൺ കിലോമീറ്ററിലധികം വരുന്ന യാത്രാ വിവരങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
