വാഷിങ്ടൺ: ബജറ്റ് പാസാകാത്തതിനെ തുടർന്ന് യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണ് ഷട്ട് ഡൗണിലേക്ക് പോകുന്നത്. ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ 43 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അന്നത്തേത്. വീണ്ടും ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് സർക്കാർ കടന്നതേടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് നിറുത്തിവച്ചു. അതേസമയം, ഷട്ട് ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം.

വിഷയത്തിൽ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം. സെനറ്റ് ഒരു താൽക്കാലിക ധാരണയിൽ എത്തിയെങ്കിലും, ജനപ്രതിനിധി സഭ (House of Representatives) അവധിയിലായതിനാൽ ബജറ്റ് ബില്ലിൽ ഒപ്പിടാൻ സാധിച്ചില്ല. തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോൾ മാത്രമേ ഇതിൽ അന്തിമ തീരുമാനമാകൂ. സ്തംഭനം മൂലം വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമ്മാണം, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടും. ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനും ഇത് തടസ്സമുണ്ടാക്കിയേക്കാം. എങ്കിലും, തിങ്കളാഴ്ചയോടെ സഭ ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.
