വിനിപെഗ് : മാനിറ്റോബയിലെ ചർച്ചിലിൽ പുതിയ സൈനിക താവളം നിർമ്മിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. കാനഡയുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ആർട്ടിക് മേഖലയിലെ പരമാധികാരം ഉറപ്പാക്കുന്നതിനുമായാണ് ഈ നീക്കമെന്ന് അദ്ദേഹം കാൽഗറിയിൽ നടന്ന പാർട്ടി കൺവെൻഷനിൽ വ്യക്തമാക്കി. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികളെ ആശ്രയിക്കാതെ കാനഡ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും, ഇതിനായി ചർച്ചിലിന് പുറമെ Iqaluit, Inuvik എന്നിവിടങ്ങളിലും പുതിയ താവളങ്ങൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഈ നിർദ്ദേശത്തിനെതിരെ സൈനിക വിദഗ്ധർ രംഗത്തെത്തി. ചർച്ചിലിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം സൈനിക താവളത്തിന് അത്ര അനുയോജ്യമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. ആർട്ടിക് മേഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇത് കൂടുതൽ നേർത്തല്ലെന്നും അതേസമയം നഗരങ്ങളെ സംരക്ഷിക്കാൻ ആവശ്യത്തിന് സൗത്തല്ലെന്നുമാണ് വിദഗ്ധരുടെ പക്ഷം. റോഡ് സൗകര്യമില്ലാത്ത ചർച്ചിലിൽ താവളം സജ്ജമാക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ചർച്ചിൽ പോർട്ടിന്റെ വികസനത്തിനും നോർത്തേൺ മേഖലയിലെ നിരീക്ഷണ സംവിധാനങ്ങൾ വർധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഒരു വിഭാഗം കൺസർവേറ്റീവ് പ്രതിനിധികൾ അഭിപ്രായപ്പെടുന്നു.
