വിക്ടോറിയ : അബോട്ട്‌സ്‌ഫോർഡ് മേഖലയിൽ വെള്ളപ്പൊക്ക നിവാരണ പദ്ധതികൾക്ക് ഫെഡറൽ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ എമർജൻസി മന്ത്രി കെല്ലി ഗ്രീൻ അഭ്യർത്ഥിച്ചു. വാഷിങ്ടൺ സംസ്ഥാനത്തെ നൂക്‌സാക്ക് നദിയിൽ നിന്നുള്ള വെള്ളം അതിർത്തി കടന്ന് ഒഴുകിയെത്തിയപ്പോൾ, ഫ്രേസർ താഴ്‌വരയിലുടനീളം വെള്ളത്തിൽ മുങ്ങി.

ഫെഡറൽ സഹായം അഭ്യർത്ഥിക്കാൻ അബോട്ട്‌സ്‌ഫോർഡ് മേയർ റോസ് സീമെൻസും സുമാസ് ഫസ്റ്റ് നേഷൻ ചീഫ് ഡാൽട്ടൺ സിൽവറും മന്ത്രി കെല്ലി ഗ്രീനിനൊപ്പം ഇന്ന് ഫെഡറൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി എലനോർ ഓൾഷെവ്‌സ്‌കി, ഭവന മന്ത്രി ഗ്രിഗർ റോബർട്ട്‌സൺ എന്നിവരുൾപ്പെടെയുള്ള ഫെഡറൽ ഉദ്യോഗസ്ഥർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. മൂന്നു ദിവസത്തെ ഓട്ടവ സന്ദർശനത്തിൽ വെള്ളപ്പൊക്കത്തിൽ നിന്ന് ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളെ ഉൾപ്പെടെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുമെന്ന് മന്ത്രി കെല്ലി ഗ്രീൻ അറിയിച്ചു.
