Thursday, February 12, 2026

‘മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം’; ചാർളി കിർക്ക് വധക്കേസ് വിചാരണയിൽ വിഡിയോകൾ പ്രദർശിപ്പിക്കരുതെന്ന് അഭിഭാഷകർ

വാഷിങ്ടൺ: കൺസർവേറ്റീവ് പ്രവർത്തകൻ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് പ്രതിഭാഗം അഭിഭാഷകർ. യൂട്ടാ വാലി സർവകലാശാലാ കാമ്പസിൽ നടന്ന റാലിക്കിടെ കിർക്ക് കൊല്ലപ്പെടുന്നതിന്റെ ഗ്രാഫിക് വിഡിയോകൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിചാരണയിൽ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും കോടതിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പ്രതിയായ ടൈലർ റോബിൻസണിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമവാർത്തകൾ ജൂറി അംഗങ്ങളെ സ്വാധീനിക്കാനും പക്ഷപാതപരമായ നിലപാടിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം.

സെപ്റ്റംബർ 10-ന് നടന്ന വെടിവെപ്പിൽ ടൈലർ റോബിൻസണിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ക്രൂരവും ഹീനവുമാണെന്ന് തെളിയിക്കാൻ ഈ വീഡിയോകൾ സഹായിക്കുമെന്ന് പ്രോസിക്യൂഷൻ കരുതുന്നു. എന്നാൽ, ഇത്തരത്തിലുള്ള ദൃശ്യങ്ങളും മാധ്യമ വിശകലനങ്ങളും വരാനിരിക്കുന്ന വിചാരണയുടെ നിഷ്പക്ഷതയെ തകർക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കിർക്കിന്റെ രാഷ്ട്രീയ പശ്ചാത്തലവും ടേണിങ് പോയിന്റ് യുഎസ്എ എന്ന അദ്ദേഹത്തിന്റെ സംഘടനയുടെ സ്വാധീനവും കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. തെളിവുകൾ കേൾക്കുന്നതിന് മുൻപേ ആളുകൾ മുൻവിധിയിലേക്ക് എത്താൻ ഇത് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, കോടതി നടപടികൾ സുതാര്യമായിരിക്കണമെന്നും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയും അഭിഭാഷകരും തമ്മിലുള്ള രഹസ്യ സംഭാഷണങ്ങൾ മാധ്യമങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ, പ്രോസിക്യൂഷൻ സംഘത്തിലെ ഒരാളുടെ മകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിനാൽ കേസിൽ താല്പര്യ സംഘർഷമുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, വെടിവെപ്പിന്റെ നിരവധി വീഡിയോകൾ ലഭ്യമാണെന്നും മകൾ ഒരു പ്രധാന സാക്ഷിയല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!