ഓട്ടവ : കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നതായി പുതിയ റിപ്പോർട്ട്. കനേഡിയൻ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറച്ചിട്ടും രാജ്യത്തിൻ്റെ ആളോഹരി ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുന്നില്ലെന്ന് ‘റോസെൻബെർഗ് റിസർച്ച്’ പുറത്തിറക്കിയ ‘കനേഡിയൻ ഇക്കണോമി ഓൺ ലൈഫ് സപ്പോർട്ട്’ എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ രണ്ടിലും സാമ്പത്തിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയ സാഹചര്യത്തിൽ, രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റോസെൻബെർഗ് റിസർച്ച് റിപ്പോർട്ട് ചെയ്തു. നിലവിൽ ആളോഹരി ആഭ്യന്തര ഉൽപ്പാദനത്തിൽ ഒരു ശതമാനം വാർഷിക വളർച്ച മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നിർമ്മാണ മേഖല അഞ്ച് ശതമാനവും ഭവന വിപണി രണ്ട് ശതമാനവും ഇടിവ് നേരിടുന്നുണ്ട്. ഇത് രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഇനിയും കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നു. 2024-ൽ നാല് ശതമാനമായിരുന്ന പലിശ നിരക്ക് 2.25 ശതമാനത്തിൽ എത്തിയെങ്കിലും വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടായിട്ടില്ല. നാലാം പാദത്തിൽ സമ്പദ്വ്യവസ്ഥ 0.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം.
