Tuesday, March 17, 2026

പ്രൗഢഗംഭീരം എഡ്മിന്‍റൻ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം

എഡ്മിന്‍റൻ : കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മിന്‍റൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ ‘പെരിയാർതീരം അസോസിയേഷൻ’ പത്താം വാർഷികം ആഘോഷിച്ചു. ജനുവരി 2, 3 തീയതികളിൽ എഡ്മിന്‍റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ പ്രമുഖ മലയാള ചലച്ചിത്ര താരം, നിർമ്മാതാവ്, സവോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോസ്മോ ഓട്ടോ സർവീസസിലെ ജോമി ജോർജ് വാർഷിക ഡയറക്ടറി പ്രകാശനം നിർവ്വഹിച്ചു. കേരളത്തിൽ പുതുതായി നിർമ്മിച്ച വീടിന്‍റെ ഡിജിറ്റൽ കീ കൈമാറലും നാല് മാസത്തെ നിർമ്മാണ പുരോഗതിയും സുനിൽ പൗലോസ് അവതരിപ്പിച്ചു. ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യൽ വർക്ക് സംഘടനയുടെ പുരസ്കാരം ലഭിച്ച ഡോ. ബൈജു പി വി-യെ അസോസിയേഷൻ ആദരിച്ചു. ജനറൽ കൺവീനർ സുനിൽ തെക്കേക്കര സ്വാഗതവും പ്രസിഡൻ്റ് ജോസ് തോമസ് അധ്യക്ഷതയും വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ വിൻസൺ കോണുകുടി നന്ദി രേഖപ്പെടുത്തി.

വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ കാണികളെ ആവേശത്തിലാഴ്ത്തി. പെരിയാർതീരത്തിന്‍റെ ഐക്യവും കരുത്തും വിളിച്ചോതുന്ന പത്താം വാർഷിക തീം സോങ് അംഗങ്ങൾ ഒത്തുചേർന്ന് പാടിയത് പരിപാടിയുടെ ഹൃദ്യമായ തുടക്കമായി. കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലക്കി ഡ്രോയിലൂടെ 1500 ഡോളറിലധികം മൂല്യമുള്ള ആകർഷകമായ സമ്മാനങ്ങളാണ് വിവിധ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കൂടാതെ കേരളത്തിന്‍റെ നാടൻ രുചികളും കനേഡിയൻ സ്റ്റൈൽ വിഭവങ്ങളും സമന്വയിപ്പിച്ച വിഭവസമൃദ്ധമായ ‘ഫ്യൂഷൻ ഡിന്നർ’ ഒരുക്കിയിരുന്നു.

അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മിന്‍റനിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ, പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി മാറിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!