വിനിപെഗ് : വിനിപെഗ് വിമാനത്താവളത്തിന് സമീപമുള്ള വിക്ടോറിയ ഇൻ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കഴിഞ്ഞ വാരാന്ത്യത്തിൽ ഇവിടെ നടന്ന കോൺഫറൻസിൽ പങ്കെടുത്ത 11 പേർക്കും ഹോട്ടലിലെ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റു നാലുപേർക്കുമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിലും ചൂടാക്കുന്നതിലുമുള്ള താപനില നിയന്ത്രണത്തിലെ പാളിച്ചകളാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രോഗബാധിതരുമായി സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ ഹോട്ടലിലെ അടുക്കളയിലും ഭക്ഷണശാലയിലും വിശദമായ പരിശോധനകൾ പൂർത്തിയാക്കി. റസ്റ്ററന്റിലെ ബുഫെയിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്ന് ഹോട്ടൽ ജനറൽ മാനേജർ ജെയ്‌സൺ കൈസർ പ്രതികരിച്ചു. എന്നാൽ, പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഭക്ഷണത്തിൽ മലിനീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധനകളിൽ ഹോട്ടൽ ക്ലീൻ ചിറ്റ് നേടിയതായും മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഹോട്ടലിനെതിരെ പരാതികളോ നിയന്ത്രണങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും പ്രവിശ്യാ വക്താവ് സ്ഥിരീകരിച്ചു.
