Sunday, February 8, 2026

‘ഇറാന്‍ ഉടന്‍ ഒരു കരാറിലെത്തണം, ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം’: വെല്ലുവിളിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഒമാന്‍ മധ്യസ്ഥതയില്‍ മസ്‌കറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് എത്തിയത്. ചര്‍ച്ചകള്‍ ഗുണപരമായിരുന്നുവെന്നും ഇറാന്‍ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കരാര്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു വലിയ കപ്പല്‍പ്പട ഇറാന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും അത് ഉടന്‍ അവിടെയെത്തുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന മേഖലയില്‍ സൈനിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കരുത് എന്നതാണ് പുതിയ കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ട്രംപ് ആവര്‍ത്തിച്ചു. മുന്‍പ് ഒപ്പിട്ട കരാറുകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കരാറിലെത്താന്‍ ഇനിയും സമയമുണ്ടെങ്കിലും ഇറാന്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരമൊരു ധാരണയിലെത്താമായിരുന്നുവെന്നും എന്നാല്‍ അന്ന് ഇറാന്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ നല്ല തുടക്കമാണെന്നാണ് ഇറാന്റെ വിലയിരുത്തല്‍. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനെക്കുറിച്ചോ ബദല്‍ സംവിധാനങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീഷണികള്‍ക്കും സൈനിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്‌നര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആണവ പദ്ധതിയല്ലാതെ മറ്റ് വിഷയങ്ങളൊന്നും അമേരിക്കയുമായി ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!