Sunday, February 8, 2026

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാര്‍ വേണമെന്ന് അമേരിക്ക; വിയോജിച്ച് ചൈന

വാഷിങ്ടണ്‍: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ആയുധശേഖരം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാര്‍ രൂപീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു.

ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വര്‍ദ്ധിക്കുകയാണെന്നും പഴയ കാലത്തെ ഉഭയകക്ഷി കരാറുകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സ്ഥിരത ഉറപ്പാക്കാന്‍ ചൈനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അവര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും റൂബിയോ കുറ്റപ്പെടുത്തി.

ചൈന തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രങ്ങളില്‍ രഹസ്യമായി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. ഇത് അന്താരാഷ്ട്ര ആണവ പരീക്ഷണ നിരോധന ഉടമ്പടികളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങളെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി. അമേരിക്കയുടെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും സ്വന്തം ആണവായുധങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ അമേരിക്ക കണ്ടെത്തുന്ന ഒഴികഴിവുകള്‍ മാത്രമാണിതെന്നും ചൈനീസ് അംബാസഡര്‍ ഷെന്‍ ജിയാന്‍ തിരിച്ചടിച്ചു.

ആണവായുധ നിയന്ത്രണ ചര്‍ച്ചകളില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. എന്നാല്‍, നിലവില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തങ്ങളില്ലെന്ന് ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ആണവശേഖരമുള്ള അമേരിക്കയും റഷ്യയുമാണ് നിരായുധീകരണത്തില്‍ ആദ്യം മാതൃക കാട്ടേണ്ടതെന്നാണ് ബീജിംഗിന്റെ വാദം.

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആണവായുധ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാതായതോടെ, ലോകശക്തികള്‍ തങ്ങളുടെ ആണവായുധങ്ങള്‍ പരിധിയില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈന 2030-ഓടെ തങ്ങളുടെ പക്കലുള്ള വാര്‍ഹെഡുകളുടെ എണ്ണം ആയിരത്തിന് മുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നതായും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!