ന്യൂയോർക്ക് : ലോകവേദിയിൽ അമേരിക്ക തങ്ങളുടെ നിലപാടുകൾ തിരുത്തണമെന്നും മര്യാദയ്ക്ക് പെരുമാറണമെന്നും മുൻ കനേഡിയൻ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്. പ്രശസ്തമായ ‘റിയൽ ടൈം വിത്ത് ബിൽ മാഹർ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ ഫ്രീലാൻഡ് രൂക്ഷമായി വിമർശിച്ചത്. 2025-ൽ അധികാരമേറ്റത് മുതൽ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതും വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. അമേരിക്ക ശരിയായ പാതയിലേക്ക് വന്നില്ലെങ്കിൽ ലോകം സാമ്പത്തികമായും ജനാധിപത്യപരമായും തകരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അമേരിക്കയെ വിശ്വസിക്കാൻ കൊള്ളാത്ത ഒരു ‘ബോയ്ഫ്രണ്ട്’ എന്നാണ് ഫ്രീലാൻഡ് പരിഹസിച്ചത്. യുഎസിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ കാനഡ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയാണെന്നും പസഫിക് മേഖലയുമായുള്ള ബന്ധം ഇതിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. ചൈനയെ പോലുള്ള ശക്തികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനകളും വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്രീലാൻഡിന്റെ ഈ ശക്തമായ പ്രതികരണം.
