Sunday, February 8, 2026

അതിവേഗ റെയിൽ വരുന്നു: ടൊറന്റോ-കെബെക്ക് യാത്ര ഇനി മൂന്ന് മണിക്കൂർ

മൺട്രിയോൾ : കാനഡയിലെ പ്രധാന നഗരങ്ങളായ കെബെക്ക് സിറ്റിയെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ മൺട്രിയോളിൽ നിന്ന് ഓട്ടവയിലേക്ക് വെറും ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. 2055-ഓടെ പ്രതിവർഷം 2.4 കോടി യാത്രക്കാരെ ലക്ഷ്യമിടുന്ന ഈ പദ്ധതി കാനഡയുടെ സാമ്പത്തിക വികസനത്തിലും ടൂറിസത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ മേൽനോട്ടം സർക്കാർ സ്ഥാപനമായ ആൾട്ടോ (Alto) നിർവ്വഹിക്കും.

പദ്ധതിയുടെ നിർമ്മാണത്തിനായി 6000 മുതൽ 9000 കോടി ഡോളർ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്രയധികം വേഗതയുള്ള ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ വൻതോതിലുള്ള വൈദ്യുതി കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഓരോ ട്രെയിനിനും ഏകദേശം 50 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി പാതയിലുടനീളം പന്ത്രണ്ടോളം ഹൈ-കപ്പാസിറ്റി സബ്സ്റ്റേഷനുകൾ നിർമ്മിക്കേണ്ടി വരും. നിലവിൽ തന്നെ വൈദ്യുതിക്ഷാമം നേരിടുന്ന കെബെക്ക്, ഒന്റാരിയോ പ്രവിശ്യകളിലെ ഗ്രിഡുകൾക്ക് ഇത് വലിയ ബാധ്യതയാകാൻ സാധ്യതയുള്ളതിനാൽ ഹൈഡ്രോ-കെബെക്കുമായും ഹൈഡ്രോ വണുമായും ചർച്ചകൾ ആരംഭിച്ചതായി ആൾട്ടോ അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന നിലയിൽ കാറുകളുടെയും വിമാനങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!