സോൾ: ഉത്തരകൊറിയയിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ നിർണ്ണായക സമ്മേളനം ഫെബ്രുവരി അവസാന വാരം നടക്കും. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ചേരുന്ന ഈ യോഗത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള രാജ്യത്തിന്റെ വിദേശ നയങ്ങളും ആഭ്യന്തര പദ്ധതികളും പ്രഖ്യാപിക്കും. ലോകം ഉറ്റുനോക്കുന്ന ഈ സമ്മേളനത്തിൽ അമേരിക്കയോടും ദക്ഷിണ കൊറിയയോടും സ്വീകരിക്കേണ്ട നിലപാടുകളിൽ കിം വ്യക്തത വരുത്തിയേക്കും.
ആണവായുധ ശേഖരം വർദ്ധിപ്പിക്കാനും സൈനിക ശക്തി കൂട്ടാനുമാകും കിം മുൻഗണന നൽകുക. റഷ്യയുമായുള്ള സൈനിക സഹകരണവും ചൈനയുമായുള്ള വ്യാപാര ബന്ധവും നിലവിൽ ഉത്തരകൊറിയക്ക് കരുത്തുപകരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചകൾക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഉപരോധങ്ങൾ പിൻവലിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് കിം ജോങ് ഉൻ.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി പുതിയ അഞ്ചു വർഷ പദ്ധതിയും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുമായുള്ള വ്യാപാരവും റഷ്യയിലേക്കുള്ള ആയുധ കയറ്റുമതിയും കാരണം ഉത്തരകൊറിയയുടെ സാമ്പത്തിക നിലയിൽ നേരിയ പുരോഗതി ഉണ്ടായതായാണ് വിലയിരുത്തൽ. തന്റെ 15 വർഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങളാകും കിം ഈ യോഗത്തിൽ നടത്തുക.
