ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്‌വിക്ക് പ്രോഗ്രസീവ് കൺസർവേറ്റീവ് (പിസി) പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ആർക്കാഡിയ-ബട്ടർനട്ട് വാലി എംഎൽഎ ഡോൺ മോനാഹൻ രംഗത്ത്. ഇതോടെ പാർട്ടി തലപ്പത്തേക്കുള്ള പോരാട്ടത്തിൽ നിലവിൽ രണ്ട് സ്ഥാനാർത്ഥികളായി. മുൻ കാബിനറ്റ് മന്ത്രി ഡാനിയൽ അല്ലെയ്‌നാണ് മോനാഹൻ്റെ പ്രധാന എതിരാളി. മുൻ പ്രീമിയർ ബ്ലെയിൻ ഹിഗ്‌സിൻ്റെ വിവാദ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ പാത സ്വീകരിക്കുമെന്നും പാർട്ടി അംഗങ്ങളുടെ അഭിപ്രായം മാനിച്ചേ തീരുമാനങ്ങൾ എടുക്കൂ എന്നും കാംപെയ്യിൻ ഉദ്ഘാടന വേളയിൽ മോനാഹൻ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ പ്രോനൗൺ മാറ്റവുമായി ബന്ധപ്പെട്ട ‘പോളിസി 713’, ഫ്രഞ്ച് ഇമ്മേഴ്‌സിൻ പ്രോഗ്രാം നിർത്തലാക്കൽ തുടങ്ങിയ വിഷയങ്ങളിൽ 2024-ലെ തിരഞ്ഞെടുപ്പോടെ ജനങ്ങൾ വിധി എഴുതിക്കഴിഞ്ഞെന്നും അവ വീണ്ടും ചർച്ചയാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എംഎൽഎ ആയ താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പിൻ്റെ ആവശ്യം വരില്ലെന്നത് മോനാഹൻ ഒരു നേട്ടമായി കാണുന്നു. എന്നാൽ പാർട്ടിക്ക് പുതിയ ഊർജ്ജവും ആശയങ്ങളുമാണ് വേണ്ടതെന്നും സഭയിൽ സീറ്റുണ്ടോ എന്നത് നേതൃത്വത്തിന് മാനദണ്ഡമല്ലെന്നും ഡാനിയൽ അല്ലെയ്ൻ പ്രതികരിച്ചു. ഒക്ടോബർ 17-നാണ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.
