തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും പൊലീസിനെ ന്യായീകരിച്ചും റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച്. മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥർ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അപകടവിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകടം നടന്നയുടൻ താൻ പൊലീസിനെ വിളിച്ചിരുന്നുവെന്ന നടന്റെ വാദം വിശ്വസനീയമല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് പറഞ്ഞു. അപകടമുണ്ടാക്കിയ വണ്ടിയെയും ആളെയും രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അവരുടെ മൊഴി ശേഖരിക്കുന്നതിനുമാണ് പൊലീസ് മുൻഗണന നൽകിയത്. മണിയൻപിള്ള രാജുവിന്റെ വീട്ടിൽ രാത്രി രണ്ടു വട്ടം പൊലീസ് എത്തിയതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.

അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജു തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തത് നടപടികൾക്ക് തടസ്സമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ച ശേഷം ഓഫ് ചെയ്ത ഫോൺ പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് ഓൺ ആക്കിയത്. രാത്രി തന്നെ ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷണം നടത്തിയെന്നും എന്നാൽ നടന്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായില്ലെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
